Skip to main content

കലാരംഗത്ത് കേരളത്തിന്റെ അതിജീവനമാണ് മേളയെന്ന് മുഖ്യമന്ത്രി


 മജീദ് മജീദിക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു
പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസ്സുകളുടെ പുനര്‍നിര്‍മ്മാണവും. ആഘാതാനന്തര മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവര്‍ത്തനം വലിയ തോതില്‍ ഉപകരിക്കുമെന്ന് 23-ാമത് രാജ്യാന്തര ചലച്ചിത്രമേള  ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതാണ്. വിഷാദത്തിന്റെ ഇരുട്ട് അകറ്റാനും അതിനു കഴിയും. ഈ വസ്തുത  അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചലച്ചിത്രമേളക്ക് തടസ്സമാവരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയും സങ്കുചിതമായ ദേശീയതയും ഇന്ത്യന്‍ സാഹചര്യത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. വിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേരു പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നയപരിപാടികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രളയകാലത്ത് നാം നേരിട്ടതുപോലുള്ള ദുരന്താനുഭവങ്ങളെ ഒരുമിച്ചു നിന്ന് അതിജീവിക്കുന്നതിനുള്ള സാധ്യത ഇത്തരം ശക്തികള്‍ നഷ്ടപ്പെടുത്തും. ആ ആപത്ത് തടയാന്‍ സാര്‍വദേശീയമായ മാനുഷികമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
19-ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങള്‍, സ്ത്രീവിരുദ്ധ സമീപനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്ന കാലമാണിത്. അത്തരം വിഷയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ചലച്ചിത്ര കലാകാരന്‍ എന്ത് നിലപാടെടുക്കുന്നുവെന്നത് സമൂഹം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍  ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍,  വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന

ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന സബ്‌സിഡി തുക സംവിധായകരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി സിനിമാലോകത്തേയും ബാധിക്കുന്നതായാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിന്‍ജാര്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പാമ്പള്ളി പറഞ്ഞു. നിര്‍മ്മാതാവിന്റെ ആശയമനുസരിച്ചാണ്ജസരി ഭാഷയില്‍ ചിത്രീകരണത്തിന് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മൗറീന്‍ ഫെര്‍ണാണ്ടസ്, പി.കെ. ബിജുക്കുട്ടന്‍, മീരാസാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.