മഹാരാഷ്ട്രയില്‍ ചിലര്‍ മതവിശ്വാസങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുകയാണെന്ന് മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി. വിശ്വാസങ്ങളുടെ മറ പിടിച്ച് രാഷ്ട്രീയം വളര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അത് നാടിന് ആപത്താണെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്‍കോണ്‍വര്‍സേഷനില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണം ആരാധനാലയങ്ങള്‍ മോടിപിടിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ദൈവങ്ങള്‍ക്കുവേണ്ടി എന്തോ വലിയ കാര്യം ചെയ്യുന്നുവെന്നാണ് ഇതിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലവസരവും കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് വേവലാതികളില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് സിനിമകളുടെ ആധിപത്യമുള്ള മഹാരാഷ്ട്രയില്‍ മറാത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ പോലും കിട്ടാറില്ല. എന്നാല്‍ സാമൂഹ്യ സാഹചര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് ഇത്തരം മേളകള്‍ ആശ്വാസകരമാണെന്നും കുല്‍ക്കര്‍ണി പറഞ്ഞു. സി.എസ് വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു.
Comments
Post a Comment